തിരുവനന്തപുരം: ബിജെപി നിയന്ത്രണത്തിലുള്ള തകരപ്പറമ്പ് തിരുവിതാംകൂർ സഹകരണസംഘത്തിന്റെ വിവിധ ശാഖകളിൽ നടന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് കേസുകൾകൂടി പൊലീസ് രജിസ്റ്റർ ചെയ്തു. ഫോർട്ട് സ്റ്റേഷനിൽ പത്തുപേരാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ സൊസൈറ്റി പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കിയും ബോർഡ് അംഗങ്ങളെയും ചേർത്ത് 11 പേർക്കെതിരേയാണ് കേസെടുത്തത്. ഇവയിൽ ആറ് കേസുകൾ കഴിഞ്ഞദിവസം രജിസ്റ്റർ ചെയ്തതാണ്.
ഭാരവാഹികളുടെ പേര് ഉള്‍പ്പെടുത്താതെയാണ് ഫോർട്ട് പൊലീസ് കേസെടുത്തിരിക്കുന്നത്. ആകെ 92 പേരാണ് പരാതിക്കാർ. ഈ പരാതിയിലെല്ലാം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ അധികൃതർ കൈമലർത്തി. ഇതോടെ നിക്ഷേപകർ പൊലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിലാണ് സൊസൈറ്റി.
‘സംഘം പ്രതിസന്ധിയിലല്ല; പണം തിരികെ നൽകാൻ കഴിയും’
തിരുവിതാംകൂർ സഹകരണ സംഘം പ്രതിസന്ധിയിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യവിരുദ്ധമാണെന്നു സഹകരണ സംഘം മുൻ ഭരണസമിതി. എല്ലാ നിക്ഷേപകർക്കും അവരുടെ പണം തിരികെ നൽകാൻ സംഘത്തിനു കഴിയുമെന്നു ഭരണസമിതി മുൻ പ്രസിഡന്റ് എം എസ് കുമാർ വ്യക്തമാക്കി. കേരളത്തിലെ സഹകരണ സംഘങ്ങൾ നേരിടുന്ന തകർച്ച സിപിഎമ്മിന്റെ സൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ മേഖലയിൽ തങ്ങൾ മാത്രമല്ല കുഴപ്പക്കാരെന്നു വരുത്താനുള്ള ശ്രമമാണ് തിരുവിതാംകൂർ സഹകരണ സംഘത്തിൽ നടത്തുന്നത്. ഭരണസമിതി അംഗങ്ങൾ ആരും അഴിമതി നടത്തിയിട്ടില്ല. അവരാരും ഒളിവിൽ പോയിട്ടില്ല. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്. 32 കോടിയോളം രൂപ വായ്പ കുടിശിക പിരിച്ചെടുത്തും അതിന്റെ നാലിലൊന്നെങ്കിലും പുതിയ വായ്പ നൽകാൻ ഉപയോഗിച്ചും മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് സംഘത്തിനുണ്ടായ നഷ്ടം നികത്താൻ കഴിയും- എം എസ് കുമാർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.